ken |
1997 ലാണ് '' അമീബ ഇരപിടിക്കുന്നതെങ്ങനെ '' എന്ന പേരില്‍ എ. അബ്ദുല്‍ ഗഫൂറിന്‍റെ കവിതാസമാഹാരം സഹൃദയ പുറത്തിറക്കിയത്. ഇന്ന്, 2011ല്‍ റാസ്ബെറി'യാണ് ഗഫൂര്‍ അറക്കലിന്‍റെ'' ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം'' എന്ന 'വേറിട്ട നോവല്‍' പുറത്തിറക്കിയിരിക്കുന്നത്. രണ്ടും ഏത് അര്‍ത്ഥത്തിലും രണ്ടായിരിക്കെ തന്നെ, പൊതുവായി പങ്കുവെക്കുന്നത് ഒരു 'ശരാശരിവിരുദ്ധ' സര്‍ഗാത്മക അസ്വസ്ഥതയാണ്. നിന്ദ്യം, ഭയാനകം, വിരൂപം എന്നിങ്ങനെ 'സൌന്ദര്യശാസ്ത്രം' വകഞ്ഞുമാറ്റുന്ന ജീവിതഭാവങ്ങളെല്ലാം ആധുനികജീവിതത്തിന്‍റെ അവഗണിക്കാനാവാത്ത അനുഭവലോകമാണ്. കൊലപാതകങ്ങളും ആത്മഹത്യകളും മുറിവുകളും ചോരയും വിയര്‍പ്പും ചലവും ശവവും ഭ്രാന്തും അശാന്തികളും അസ്വസ്ഥതകളും തിമിര്‍ത്തു പെയ്യുന്ന നിന്ദ്യഭയാനക വിരൂപലോകം കണ്ട് അപരിചിതഭാവത്തില്‍ അന്ധാളിച്ചുനില്‍ക്കുന്നവരോട്, ' ഈ തലയോട് കൂനകള്‍ കണ്ട് പേടിയാവുന്നുവോ/ പേടിക്കണ്ട, അത് നിങ്ങളുടേത് തന്നെ'യെന്ന് കക്കാട്.
പൊള്ളയായ ആഹ്ലാദങ്ങള്‍ മനുഷ്യരെ അപ്പൂപ്പന്‍താടികളാക്കി മാറ്റുമ്പോള്‍ ചരിത്രജന്യമായ ഭീതികള്‍ മനുഷ്യരെ സ്വന്തം മണ്ണില്‍ കാതോര്‍ത്ത് കിടന്നുകൊണ്ട് വരാനിരിക്കുന്ന മരണത്തിന്‍റെ മഹാനിശ്ശബ്ദതകളോടുപോലും സംവദിക്കാന്‍ ശക്തരാക്കുന്നു. ശവകുടീരങ്ങളോട് സൗഹൃദം സ്ഥാപിക്കാന്‍ കഴിയുന്നത് ജീവിതത്തെ അത്രമേല്‍ ആഴത്തില്‍ അറിയുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ്. ശരാശരികള്‍ക്കന്യമായ ഒരു സര്‍ഗാത്മകഭ്രാന്തിന്‍റെ ഭാഷ സ്വന്തമാകുമ്പോഴാണ്, ഒരേ സമയം തന്നെ ജീവിതത്തോടെന്ന പോലെ മരണത്തോടും സ്നേഹപൂര്‍വ്വം സംവദിക്കാന്‍ മനുഷ്യന് കഴിയുന്നത്. ഗഫൂറിന് കവിത ചിലപ്പോള്‍ ഒരു ഭ്രാന്തിന്‍റെ കുമ്പസാരം പോലെ അവ്യക്തമായ സ്വപ്നങ്ങളാണ്. മേല്‍കീഴ് മരിയുന്നൊരു ലോകത്തില്‍ വക്രിച്ച മുഖവുമായി ഏറുകണ്ണിട്ടു
നിന്നുകൊണ്ടവന്‍ തിരയുന്നത് അശാന്തമായ സ്വന്തം കാലത്തിന്‍റെ തീയാളുന്ന സത്യങ്ങളാണ്. കവിക്കും കാമുകനും ഭ്രാന്തനും ഭ്രാന്തുണ്ടെന്ന് മാത്രമല്ല, ആരോഗ്യകരമായ ഒരു ഭ്രാന്തിന്‍റെ അഭാവത്തില്‍ ആര്‍ക്കും 'ശരാശരി'ക്കപ്പുറം 'കവി'യാകാനാവുകയില്ലെന്നും കവിയാതെ 'കവിത'യില്ലെന്നും മുമ്പേ നാം മനസ്സിലാക്കിയിട്ടുണ്ട്.
'സുഹൃത്തെ, ഞാനും ഒരു ഭ്രാന്തനാണ്. സത്യം വിളിച്ചു പറയുന്നതിനാല്‍...' എന്ന ഗഫൂറിന്‍റെ സര്‍വസാധാരണമായ വരി അതുകൊണ്ടാണ് അസാധാരണമായ ഒരു ഭാരം സൃഷ്ടിക്കുന്നത്. ' സത്യമായും എനിക്കിപ്പോള്‍ ഭ്രാന്തില്ല, എങ്കിലും നിങ്ങളെ പേടിപ്പിക്കും വിധം പൊട്ടിച്ചിരിക്കാനും തോന്നുന്നു.' എന്നൊരു വരിക്ക് ഇന്നൊരു വിശദീകരണവും ആവശ്യമില്ല. സ്വന്തം കാലത്തിന്‍റെ കേന്ദ്രത്തിലേക്ക് കടന്നു നില്‍ക്കുന്നവര്‍ പ്രകടിപ്പിക്കുന്ന, സാമൂഹികമാനമുള്ള തീവ്രമായ ആഭിമുഖ്യങ്ങളെയാണ് ആലങ്കാരിക അര്‍ത്ഥത്തില്‍ ഇവിടെ 'ഭ്രാന്ത്' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതൊരിക്കലും 'സൂരി നമ്പൂതിരിമാരുടെ' കളിഭ്രാന്തല്ല. നിക്കോസ് കസാന്‍സാക്കിസ് സാകഷ്യപ്പെടുത്തുന്ന പോലെ ചീഞ്ഞുപോകുന്നതില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുന്ന ജീവിതത്തിന്‍റെ ഉപ്പാണ് അത്. കിനാവുകളെ കെട്ടുപോകാതെ സൂക്ഷിക്കുന്ന 'സൌന്ദര്യ ശാസ്ത്രം', ഉപ്പിന്‍റെ ശാസ്ത്രം എന്ന അര്‍ത്ഥത്തില്‍ ലാവണ്യ ശാസ്ത്രമാകുന്നത് വെറുതെയല്ല. സര്‍ഗാത്മകത, ശരാശരിക്കപ്പുറത്തേക്കുള്ള ഉണര്‍വ്വുകളുടെ ഉത്സവമാണ്. ശരാശരിയാണ് മികച്ച ശരി എന്ന് കരുതുന്നവര്‍ക്ക് ഭൂരിപക്ഷം കിട്ടുന്ന കാലത്താണ് ശരാശരിയല്ലാത്ത ജീവിതങ്ങള്‍ക്ക് ശിക്ഷ ലഭിക്കുന്നത്. തീവ്രമായ ആത്മ ബന്ധങ്ങളുടെ ശിഖരങ്ങളില്‍ മറ്റു പലതിനുമൊപ്പം ' ഭ്രാന്തിന്‍റെ പൂങ്കുലകളും' പൂത്തു നില്‍ക്കുന്നുണ്ടാകും. സ്വര്‍ണ്ണ നിറമുള്ള പൂങ്കുലയോടൊപ്പം നീയെനിക്ക് ഭ്രാന്ത് സമ്മാനിച്ചു.' എന്ന പ്രണയ കവിതയില്‍ ഗഫൂര്‍ എഴുതിയത് അങ്ങനെയാണ് ആഘോഷമായി തീരുന്നത്. 'ഒരു ഭൂതത്തിന്‍റെഭാവി ജീവിതം' എന്നാ ഗഫൂര്‍ അറക്കലിന്‍റെ ആദ്യ നോവലും ഭ്രാന്തമായ ജീവിതാന്വേഷണങ്ങളുടെ ; 'എഡിറ്റിങ്ങില്ലാത്ത' ഒരാഘോഷമാണ്.
'ഒരു ഭൂതത്തിന്‍റെഭാവി ജീവിതം' അലസവായനയില്‍ വിള്ളല്‍ സൃഷ്ടിക്കും.ചിന്തക്ക് അവധികൊടുക്കാനുള്ള ഏതൊരു ശ്രമത്തെയും ഒരു മര്യാദയുമില്ലാതെ അത് അലങ്കോലപ്പെടുത്തും. മാന്യമായ ഉപചാരങ്ങല്‍ക്കിടയിലേക്ക് അമാന്യമായി ചിലപ്പോഴത് ഇടിച്ചു കയറും. 'അതിനെ'ക്കുറിച്ച് പറയുന്നതിനിടയില്‍ 'ഇതിലേക്കത്' വഴുക്കി മാറും. വിവരണങ്ങള്‍ ശിഥില മാകുമ്പോള്‍ മോഹാലസ്യപ്പെടുന്നവരെയും സങ്കീര്‍ണതകളില്‍ ശരി കാണാത്തവരേയും 'ഒരു ഭൂതത്തിന്‍റെഭാവി ജീവിതം'ഭയ സംഭ്രമങ്ങളുടെ സൂചിമുനയില്‍ നിര്‍ത്തും.
gafoor arakkal |
( വാരാദ്യ മാധ്യമം- 2011 മാര്‍ച്ച് 20 )
'ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം'
(നോവല്‍)
(നോവല്‍)
- ഗഫൂര്‍ അറക്കല്‍
വില: 100 രൂപ
വില: 100 രൂപ
No comments:
Post a Comment